ദുബായ്: പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്ന എല്‍ നിനോ പ്രതിഭാസം യുഎഇയിലെയും പ്രവാസ ലോകത്തെയും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.ജൂലൈ മുതല്‍ നവംബർ വരെ എല്‍ നിനോ രൂപപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതുമൂലം വരും ദിവസങ്ങളില്‍ യുഎഇയില്‍ ചൂടും ഈർപ്പവും കൂടുമെന്നാണ് വിലയിരുത്തല്‍.
എന്താണ് ‘എല്‍ നിനോ’ പ്രതിഭാസം?
ശാന്തസമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രോപരിതലത്തില്‍ വെള്ളം സാധാരണയേക്കാള്‍ കൂടുതല്‍ ചൂടാകുമ്പോള്‍ രണ്ട് മുതല്‍ ഏഴ് വർഷം വരെയുള്ള ഇടവേളകളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു കാലാവസ്ഥാ വ്യതിയാനമാണിത്. സമുദ്രജലം ചൂടുപിടിക്കുന്നതോടെ കാറ്റിന്റെ ഗതി മാറുകയും ഇത് വിവിധ രാജ്യങ്ങളില്‍ കനത്ത മഴ, വനനശീകരണം, വൻ വരള്‍ച്ച, അത്യുഷ്ണം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
2026-ന്റെ രണ്ടാം പകുതിയില്‍ യുഎഇയില്‍ സാധാരണയേക്കാള്‍ ഉയർന്ന താപനിലയും കൂടുതല്‍ മഴയും ലഭിക്കാൻ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചരിത്രപരമായി നോക്കിയാല്‍, എല്‍ നിനോ പ്രതിഭാസമുള്ള വർഷങ്ങളില്‍ അറബിക്കടലിലും അറേബ്യൻ ഉപദ്വീപിലും ശരത്കാലത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ഉണ്ടാകാറുണ്ട്.
യുഎഇയില്‍ ഇതിന്റെ ആഘാതം നേരിട്ടല്ലെങ്കിലും വളരെ പ്രകടമായിരിക്കുമെനന്് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അല്‍ ജർവാൻ പറയുന്നു. ഗള്‍ഫ് മേഖലയിലുടനീളം ശരാശരിയേക്കാള്‍ ഉയർന്ന ചൂടും തീരപ്രദേശങ്ങളില്‍ കനത്ത ഹ്യുമിഡിറ്റിയും അനുഭവപ്പെടാൻ ഇത് കാരണമാകും.
വർഷാവസാനത്തോടെ അറബിക്കടലില്‍ തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് എല്‍ നിനോ കാരണമായേക്കാം. ഇത് ഒമാൻ, യെമൻ, കൂടാതെ ഗള്‍ഫ് മേഖലയുടെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ശക്തമായ ചുഴലിക്കാറ്റുകളുടെ സാധ്യത വർധിപ്പിക്കുന്നു. എങ്കിലും ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചായതിനാല്‍ എല്‍ നിനോ കൊണ്ട് മാത്രം ഇത് സംഭവിക്കണമെന്നില്ല.
സൂപ്പർ എല്‍ നിനോ
പസഫിക് സമുദ്രത്തില്‍ ഭൂമിക്കടിയില്‍ അസ്വാഭാവികമായ ചൂട് കണ്ടെത്തിയത് ‘സൂപ്പർ എല്‍ നിനോ’ ആയി മാറാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. സമുദ്ര താപനില 3 ഡിഗ്രി സെല്‍ഷ്യസിലധികം കൂട്ടുന്നതിനെയാണ് ‘സൂപ്പർ എല്‍ നിനോ’ എന്നു വിളിക്കുന്നത്. അങ്ങനെയെങ്കില്‍ 2027 ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറിയേക്കും.


