ഇറാനും യുഎസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന്, ലെബനനിലെ ഇസ്രായേലി ആക്രമണങ്ങൾ അടക്കം മേഖലയിലെ മുഴുവൻ സംഘർഷവും അവസാനിപ്പിക്കുക എന്നത് നിർണായകമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുക എന്നത് സമാധാന കരാറിലെ ഒരു നിർണായക വ്യവസ്ഥയാണെന്നും ഇറാൻ സർക്കാരിൻ്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ആദ്യ ദിവസം മുതൽ, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ലെബനനിലെ യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ നമ്മൾ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു, എന്നാൽ ഈ യുദ്ധത്തിന്റെ അവസാനം ലെബനനിലാണ്. ലെബനനിലെ വെടിനിർത്തൽ യുഎസുമായി പ്രഖ്യാപിച്ച കരാറിലെ “വേർപെടുത്താനാവാത്ത” ഭാഗമാണെന്നും അരാഗ്ച്ചി തെഹ്റാനിൽ പറഞ്ഞു.
തിങ്കളാഴ്ചയോടെ യുദ്ധം ഔദ്യോഗികമായി അവസാനിച്ചെന്നും വെള്ളിയാഴ്ച ഇതുമായിബന്ധപ്പെട്ട ധാരണാപത്രം ഔദ്യോഗികമായി നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ആരംഭിക്കാനിരിക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾ രണ്ട് ഘട്ടങ്ങളായി വിഭജിക്കുമെന്ന് ഇറാൻ വാർത്താ ഏജൻസിയായ തസ്നിംമിനോട് അരാഗ്ചി പറഞ്ഞു.
ഹോർമുസ് കടലിടുക്ക്, സമുദ്ര നിയന്ത്രണങ്ങൾ, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളുടെ സംഘർഷാനന്തര പുനർനിർമ്മാണം എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ ആദ്യ ഘട്ടത്തിൽ അഭിസംബോധന ചെയ്യുമെന്നും രണ്ടാം ഘട്ടത്തിൽ ആണവ കാര്യങ്ങളിലും ഉപരോധ ഇളവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അന്തിമ കരാറിൽ ഇവയെല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


