തിരുവനന്തപുരം: തീവ്രവോട്ടർ പരിഷ്കരത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മിന്നുന്ന പോളിംഗ്. അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഉച്ചയ്ക്ക് ഒന്നരയോടെ കേരളത്തിലെ പോളിംഗ് അൻപത് ശതമാനത്തിലേക്ക് എത്തി. 40 ശതമാനം പോളിംഗ് പിന്നിട്ടു എന്നാണ് ഔദ്യോഗിക കണക്ക്. നിലവിലെ ട്രെൻഡ് തുടർന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ഇക്കുറി രേഖപ്പെടുത്തിയേക്കുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീ,ണർ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂപ്പിക്കുന്നത്.
കനത്ത പോളിംഗ് ഏതു മുന്നണിക്ക് അനുകൂലമായി മാറും എന്നതിൽ രാഷ്ട്രീയ ഉപശാലകളിൽ ചർച്ചകൾ സജീവമാണ്. കനത്ത യുഡിഎഫ് തരംഗത്തിനാണ് കളമൊരുങ്ങുന്നതെന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശൻ പറഞ്ഞു. അതേസമയം മൂന്നാം എൽഡിഎഫ് സർക്കാരിന് വിധിയെഴുതപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എംവി ഗോവിന്ദനും പ്രതികരിച്ചു. 2021-നേക്കാൾ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ തുടരുമെന്നും പിണറായി പറഞ്ഞു.
ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ശശി തരൂർ. അതിനുവേണ്ടി കേരളം മുഴുവൻ വോട്ടു ചെയ്യുന്നു. ഉയർന്ന വോട്ടിംഗ് ശതമാനം അതാണ് സൂചിപ്പിക്കുന്നത്. യുഡിഎഫിൽ മുഖ്യമന്തിയെ തീരുമാനിക്കാനൊന്നും വലിയ പ്രശ്‌നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കും. ബിജെപി ഒന്ന് രണ്ട് സ്ഥലങ്ങളിൽ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് ഉള്ളത്. ഈ സ്ഥലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടമാണുള്ളത്. ഇവിടെ അപകടം മനസിലാക്കി ജനങ്ങൾ വോട്ടു ചെയ്യണമെന്നും ശശി തരൂർ പറഞ്ഞു.


