ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയർ ഇന്ത്യയിൽ 10,000 കോടിയിലധികം രൂപയുടെ പുതിയ മൂലധന നിക്ഷേപത്തിനൊരുങ്ങി ടാറ്റാ സൺസ്. ജൂണിൽ ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗം കർശന ഉപാധികളോടെ നിക്ഷേപത്തിന് അംഗീകാരം നൽകിയിരുന്നു. 2021ലാണ് ടാറ്റാ സൺസ് എയർഇന്ത്യയെ ഏറ്റെടുത്തത്. ഇതിന് ശേഷം ടാറ്റാ നടത്തുന്ന ഏറ്റവും കൂടിയ നിക്ഷേപമാണിത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ടാറ്റ എയർഇന്ത്യയിൽ നിക്ഷേപമൊന്നും നടത്തിയിരുന്നില്ല. 2026 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ ആകെ നഷ്ടം ഇരട്ടിയിലധികമായി വർധിച്ച് 22,238 കോടി രൂപയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മൂലധന നിക്ഷേപത്തിന് പദ്ധതിയൊരുങ്ങിയത്.
ഏകദേശം 40,000 കോടി രൂപയാണ് എയർഇന്ത്യയുടെ കടബാധ്യത. എയർ ഇന്ത്യയിൽ 75 ശതമാനം ഓഹരികളുളള ടാറ്റ സൺസും 25 ശതമാനമുളള സിംഗപ്പൂർ എയർലൈൻസുമാണ് പ്രധാന പങ്കാളികൾ. എയർ ഇന്ത്യ നഷ്ടത്തിലായത് എൻ ചന്ദ്രശേഖരന്റെ ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തുനിന്നുളള പടിയിറക്കത്തിന് കാരണമായിരുന്നു.
അതേ സമയം, എയർ ഇന്ത്യയിലുള്ള (Air India) സിംഗപ്പൂർ എയർലൈൻസിന്റെ നിക്ഷേപങ്ങൾക്ക് സിംഗപ്പൂർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആഗോള നിക്ഷേപ കമ്പനിയായ ടെമാസെക് (Temasek) പിന്തുണ പ്രഖ്യാപിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നു. വൻനഷ്ടത്തിൽ ഓടുന്ന എയർ ഇന്ത്യയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കുന്നതിനെ ചൊല്ലി സിംഗപ്പൂരിൽ രാഷ്ട്രീയ തലത്തിൽ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ടെമാസെകിന്റെ ഈ വിശദീകരണം.


